തിരയല്‍

Monday 5 May 2014



അധ്യാപനത്തിന്റെ കാണാപ്പുറങ്ങള്‍ : ഒരു അനുഭവസാക്ഷ്യം


അട്ടപ്പാടി ' ഫോള്‍ഡറിലെ ഫോട്ടോകള്‍ വേഗത്തില്‍ സ്ക്രോള്‍ ചെയ്തുനോക്കുന്നതിനിടയില്‍ ലക്ഷ്മിയുടെയും അപ്പായുടെയും ഫോട്ടോകളില്‍ കണ്ണുകളുടക്കി.
വെള്ള ഷര്‍ട്ടും മറൂണ്‍ പാവാടയും ചേര്‍ന്ന യൂണിഫോമിനൊപ്പം ഒരു പച്ച ഷാള്‍ (എന്റെ റൂംമേറ്റ് കൊടുത്തത്)കഴുത്തിലൂടെ മുന്നോട്ടിട്ട് ,രണ്ടുപുറവും മെടഞ്ഞ് റിബണ്‍കൊണ്ടുകെട്ടിയ കോലന്‍മുടിയില്‍ കനകാബരപ്പൂചൂടി,ചിരിച്ചുകൊണ്ട് ഞങ്ങളുടെ കോര്‍ട്ടേഴ്സിനുമുന്നിലെ ഇലകൊഴിഞ്ഞ മരത്തിനുമുന്‍പില്‍ ലക്ഷ്മിയും അപ്പാവും.സംതൃപ്തി സ്പുരിക്കുന്ന മുഖത്തിന്റെ ഉടമയായ അയാള്‍ ഒരു യോഗിയെ ഓര്‍മ്മിപ്പിക്കുന്നു.
ലക്ഷ്മി ഇപ്പോള്‍ എവിടെയായിരിക്കും? അമ്മ മരിച്ചപ്പോള്‍ അവര്‍ കോയമ്പത്തൂര്‍ക്ക് പോയെന്ന് കേട്ടിരുന്നു.
ലക്ഷ്മിയുടെ അമ്മയെ ആദ്യമായി കണ്ട ദിവസം ....

വരഗയാറിന്റെ തീരത്ത് വെള്ളാരം കല്ലുകള്‍ക്കിടയിലൂടെ ചിരിച്ചുകൊണ്ടൊഴുകുന്ന തെളിനീരിന്റെ കുളിര്‍മതേടി നടക്കാനിറങ്ങിയ ഒരു വൈകുന്നേരം ...
കൂടെയുള്ള ഹിന്ദിടീച്ചര്‍ പറഞ്ഞു.'ദേ, പേരയ്ക്ക കിട്ടുമോയെന്ന് നോക്കിയാലോ?'
പെട്ടന്നൊരു വിളി..."വാ .. ടീച്ചറേ"
നോക്കിയപ്പോള്‍ റോഡില്‍ നിന്നും വളരെ താഴെ മരങ്ങള്‍ക്കിടയില്‍ ലക്ഷ്മി.അവിടെ ഒരു വീടുണ്ടോ?
"ഞങ്ങള്‍ എങ്ങനെയാ അങ്ങോട്ടുവരുന്നത് ?"
"ഇതുകൂടി ഇറങ്ങിവാ ടീച്ചറെ.."
കല്ലുകളിലൂടെ ഓടിക്കയറിവന്ന് ലക്ഷ്മി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.അഞ്ചാറുമുളകളും ഓലയും ,സിമന്റ് ചാക്കും കൊണ്ട് ഒരു വീട്.താഴെ വെറും മണ്ണില്‍ രണ്ടുപെട്ടികള്‍ .ഒന്നിനുമീതെ എട്ടാംക്ലാസിലെ പുസ്തകങ്ങള്‍ .മറ്റേതിനുമീതെ അഞ്ചാറുപാത്രങ്ങള്‍.ഒരു ചീര്‍പ്പ് , ഒരു കൊച്ചുകണ്ണാടി., ടൂത്ത് ബ്രഷ് . ഇവയൊക്കെ ഓലകള്‍ക്കിടയില്‍ തിരിഞ്ഞുവെച്ചിരിക്കുന്നു.കുറച്ചപ്പുറത്ത് മൂന്നുകല്ലുകളില്‍ ഒരടുപ്പ് . വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ നീരൊഴുക്ക് കുറവാണ് .ഈശ്വരാ.. ഈ വര്‍ഷകാലത്ത് ഇവര്‍ എങ്ങനെയായിരിക്കും കഴിയുക.പതിമൂന്നുവയസായ ഒരു പെണ്‍കുട്ടി. പ്രായമായ അച്ഛനമ്മമാര്‍.മനസ്സൊന്നുപിടച്ചു.
"നാന്‍ വേലയ്ക്കൊന്നും പോകമാട്ടേ ടീച്ചര്‍,നാന്‍ പിച്ചയെടുക്കിറേന്‍ , കാശ് എനക്കുവേണ്ട, ഒരു നാള്‍ അരക്കിലോ അരി കിടച്ചാ പോതും"
ലക്ഷ്മിയുടെ അപ്പായുടെ സംസാരത്തില്‍നിന്നും മനസിലായി ഇയാള്‍ ആദിവാസിയല്ലാത്തതിനാല്‍ ഒരാനുകൂല്യവുമില്ല, റേഷന്‍കാര്‍ഡില്ല,വോട്ടര്‍പട്ടികയില്‍ പേരില്ല,സ്വന്തമായി ഒരുതുണ്ടു ഭൂമിപോലുമില്ല.കോയമ്പത്തൂരില്‍ അലഞ്ഞുനടന്നപ്പോള്‍ ആരോരുമില്ലാത്ത ശെല്‍വി ജീവിതസഖിയായി. കടത്തിണ്ണയില്‍ ലക്ഷ്മി പിറന്നു.
"ഇന്ത പുള്ളയ്ക്കു ദീനമാ ടീച്ചര്‍ " ശെല്‍വിയെ ചൂണ്ടി അയാള്‍ പറഞ്ഞു. പല്ലുകളുന്തി ,വിളര്‍ത്ത് ,കണ്ണുകള്‍ കുഴിഞ്ഞ് ആ രൂപം ദയനീയമായി ഒന്നു ചിരിച്ചു.
"ഇവിടെ വല്ല പാമ്പോ തേളോ വന്നാലോ?" ആശങ്ക മറച്ചുവെയ്ക്കാന്‍ എനിക്കായില്ല.
'ആണ്ടവന്‍ കാപ്പാത്തും ടീച്ചറേ'അയാള്‍ പേരമരത്തിനും ചുവട്ടിലേയ്ക്ക് കൈ ചൂണ്ടി. മഞ്ഞള്‍ പൂശിയ ഒരു കല്ല്. ഒരു കൊച്ചുവിളക്കും ."ടീച്ചര്‍ക്ക് പേരയ്ക്ക കൊട് ലക്ഷ്മീ" ലക്ഷ്മിയുടെ അമ്മ.
നേരം വൈകി. ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ലക്ഷ്മിയുടെ അപ്പ "ടീച്ചര്‍ , എങ്ക പുള്ള നിലാവാകും ടീച്ചര്‍ ,നീങ്കള്‍ നല്ല ശൊല്ലിക്കൊടുക്കണം . എങ്കളുക്ക് ഒന്നുമേ തെരിയാത് ."
ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.തിരിച്ചുനടക്കുമ്പോള്‍ കുറ്റബോധം തോന്നി. ലക്ഷ്മി . എസ്സ് 8 Aയിലെ ഹാജര്‍ പട്ടികയില്‍ ഒരു പേര് . എണ്ണം തികയ്ക്കാന്‍ . അതിനപ്പുറം ലക്ഷ്മിയെ ആരെങ്കിലും പരിഗണിച്ചിട്ടുണ്ടോ?' അക്ഷരം പോലുമറിയാത്ത ഇതിനെയൊക്കെ എന്തുപഠിപ്പിക്കാനാ, കുറേയൊക്കെ വീട്ടിലുള്ളോര്‍ക്കും വേണം വിചാരം .' പതിവുപല്ലവി . തന്റെ കുട്ടി പൂര്‍ണ്ണചന്ദ്രനാണെന്നും അവള്‍ക്ക് നല്ല ബുദ്ധിയാണെന്നും അഭിമാനിക്കുന്ന അച്ഛന്‍ .‌
പതിവുപോലെ മുറിയുടെ വാതിലിനും തറയ്ക്കുമിടയിലെ വിടവില്‍ ' വല്ല പഴുതാരയോ തേളോ വന്നാലോ, ഇവിടെത്ത തേളിനൊക്കെ ഇരട്ടി വിഷമാണ് .' എന്നുപറഞ്ഞ് മടക്കിയ കടലാസ് തിരുകിവെയ്ക്കുമ്പോള്‍ ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്നപോലെ .പുഴക്കരയില്‍ ചാക്കുവിരിച്ച് കിടന്നുറങ്ങുന്ന ലക്ഷ്മി ... ഉറക്കം വന്നില്ല. അടുത്ത വൈകുന്നേരവും ഞങ്ങള്‍ അതുവഴിതന്നെയാണ് നടക്കന്‍ പോയത് .കാത്തുനിന്നപോലെ ലക്ഷ്മി .
"വാ ടീച്ചറെ" ലക്ഷ്മി ക്ഷണിച്ചു.
' ഇന്നു നിങ്ങള്‍ ചൊല്ലിത്തന്ന പാട്ട് നാന്‍ പടിച്ചു ടീച്ചറെ ,നാന്‍ പാടട്ടെ?'
അനുവാദത്തിനു കാത്തുനില്‍ക്കാതെ നാലുവരി ഹിന്ദിപദ്യം അവള്‍ ഉറക്കെ പാടി. തലകുലുക്കിക്കൊണ്ട് , താളത്തില്‍ ഒരു നാലുവയസുകാരി നേഴ്സറിപ്പാട്ടുപാടുന്നപോലെ ..
മാനത്ത് നിലാവ് ഉദിച്ചുയരുകയായിരുന്നു അപ്പോള്‍

No comments:

Post a Comment